Monday 29 February 2016

കടല്‍

കണ്ണീരിനു ഉപ്പുരുചിയാണ്
കടലിനും 
ഒരു കടലുണ്ടാകാന്‍
എത്ര കണ്ണീര്‍ വേണം?
വേണ്ട, കടലുണ്ടാകാന്‍
കണ്ണീര്‍ വേണ്ട
കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റിയ
ഹൃത്തിലും കടലിരമ്പുന്നുണ്ട്.
കാറ്റും കോളും കരയോടുള്ള
അടങ്ങാത്ത ആസക്തിയും പേറുന്ന
കടല്‍.

Sunday 21 February 2016

സമാഗമം

ഇന്നലെ ഒരാള്‍ വന്നു
പരിചയമില്ലാത്ത ഒരാള്‍
പേര് പറഞ്ഞില്ല
പുഞ്ചിരിച്ചില്ല
നേരാം വണ്ണം മുഖത്ത്
പോലും നോക്കിയില്ല
അന്ധാളിപ്പിന്‍റെ ആവേഗങ്ങളെ
അടക്കാന്‍ പോലും സമയം തരാതെ
എന്‍റെ മുമ്പിലെ ജാലകം
അയാള്‍ അടച്ചു കുറ്റിയിട്ടു
പിന്നെ എന്‍റെ സ്വപ്നങ്ങളെ
താഴെ എറിഞ്ഞു ഉടച്ചു കളഞ്ഞു
ഇരുട്ടിലകപ്പെട്ട കണ്ണുകളാല്‍
ദയക്ക് വേണ്ടി ഞാന്‍ നോക്കിയിട്ടും
കണ്ടില്ലെന്നു നടിച്ച പോല്‍
പുറം തിരിഞ്ഞു നിന്നു
തളം കെട്ടിയ നിശബ്ദതയ്ക്കു മുകളില്‍
പേരറിയാത്ത കിളി വട്ടം ചുറ്റി പറന്നു
നെറ്റി ചുളിച്ചു പലരും എത്തിച്ചേര്‍ന്നു
അവരൊന്നും അയാളെ എതിര്‍ത്തില്ല
എന്‍റെ ജാലകം തുറക്കാന്‍ നോക്കിയില്ല
കൂട്ടം  കൂടി നിന്നു പിറു പിറുത്തു.
എന്നോട് മാത്രം മിണ്ടാന്‍ വന്നില്ല
അയാളോടൊപ്പം അവരെന്നെ ചേര്‍ത്ത് നിര്‍ത്തി
അവരില്‍ ആരൊക്കെയോ വിളിക്കുന്നത്‌ കേട്ടു
അയാളെ മരണമെന്നും
എന്നെ ശരീരമെന്നും..

Monday 15 February 2016

പാഴ്പറമ്പായി വീണ്ടുമിങ്ങനെ....

അലസതയുടെ അത്യുഷ്ണം അനുഭവപ്പെടുന്നതു കൊണ്ടാണോ, അതോ സമയസൂചിക എനിക്കു മുമ്പേ കേറി കൊഞ്ഞനം കുത്തുന്നത് കൊണ്ടാണോ എന്നറിയില്ല, ഇതുവരെയും എന്‍റെ എഴുത്തു കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള് എവിടെയുമെത്താതെ ഈ പ്രതലം  ഇങ്ങനെ നീണ്ടു മലര്‍ന്നു കിടന്നു എന്നെ തുറിച്ചു നോക്കി കൊണ്ടിരിക്കുകയാണ്. . Feeling 'എന്തോ ഒരിത്'
                                    - ഷാഹിര്‍ കല്പകഞ്ചേരി.